Monday, November 06, 2006

 

സദാം ഹുസൈനെതിരെയുള്ള വിധി നാമെല്ലാവരും പ്രതീക്ഷിച്ചതു തന്നെ, കാരണം ബുഷിന്റെ വാലാട്ടിപ്പട്ടികളായ ജഡ്ജിയും ഉദ്യോഗസ്ഥരും..ബുഷ് നിയമിച്ച ഭരണകൂടം.പിന്നെയെന്തെല്ലാം?
അല്ലെങ്കില്‍ തന്നെ 2002 ല്‍ ഒരു കാരണവുമില്ലാതെ ഐക്യരാഷ്ട്രസഭയേക്കാള്‍ വളര്‍ന്നു വന്ന അഹങ്കാരത്തിന്റെ മൂര്‍ത്തീരൂപമായ അമേരിക്യന്‍ ഐക്യനാടുകള്‍ എന്തിണായിരുന്നു ഇറാഖിനെ ആക്രമിച്ചത്? മാരകമായ ആയുധശേഖരങ്ങളുള്ള ഇറാഖ് ലോകസമാധാനത്തിനു ഭീഷണിയാണെന്ന കാരണത്താലോ? സ്വന്തം എണ്ണപ്പാടത്തെ എണ്ണ ചോര്‍ത്തിയ കുവൈറ്റിനെ ആക്രമിച്ചതിനോ? എങ്കില്‍ അതിര്‍ത്തിയില്‍ പ്രശ്നങ്ങളുണ്ടാക്കുന്ന പാകിസ്ഥാനെ ആക്രമിച്ചാല്‍ ഇന്ത്യയുടേയും ഗതി ഇതായിരിക്കുമോ?
ഏതൊരാത്മാഭിമാനമുള്ള ഒരു ഭരണാധികാരിയും ചെയ്യുന്നതേ സദാമും ചെയ്തുള്ളൂ. ഇറാഖിജനതയെ അരുംകൊല ചെയ്തുവെന്നവകാശപ്പെടുന്ന ബുഷ് ഭരണകുടം യഥാര്‍ഥത്തില്‍ സദാം ഇറാഖിനു വേണ്ടി എന്തു ചെയ്തോ അതിനെയെല്ലാം മറച്ചു വയ്ക്കുകയും നശിപ്പിക്കുകയും ചെയ്തു? ലോകസമാധാനത്തിനെന്ന പേരില്‍ അമേരിക്ക കൂട്ടക്കൊല ചെയ്ത 10 ലക്ഷത്തോളം ജീവന് ആര് കേസെടുക്കും? ഏതു ജഡ്ജി വിധി പ്രസ്താവിക്കും? ആധുനിക ഇറാഖിന്റെ ശില്പി എന്നറിയപ്പെടുന്ന സദാമിനെ സ്വന്തം മാധ്യമങ്ങളുപയോഗിച്ച് അമേരിക്ക പ്രതിച്ചായ തകര്‍ക്കുകയായിരുന്നില്ലേ?
സദാമിന്റെ കാലത്തുണ്ടായ വന്‍ സാമൂഹ്യമാറ്റത്തെക്കുറിച്ചും വികസനത്തെക്കുറിച്ചും ആരും ഒന്നും മിണ്ടുന്നില്ല. എണ്ണവ്യവസായത്തെ ദേശസാല്‍ക്കരിച്ച്തുമൂലം സായിപ്പിന് ലോകത്തിലെ രണ്ടാമത്തെ വലിയ എണ്ണശക്തിയില്‍ ആധിപത്യം കുറഞ്ഞുതുടങ്ങിയപ്പോള്‍ ആ രാജ്യത്തെ പട്ടിണിയാണ് മാറിയത്. ആ എണ്ണപ്പണം ഉപയോഗിച്ചത് ആശുപത്രികളും സ്ക്കൂളുകളും പണിയാനായിരുന്നു. നിര്‍ബന്ധിതവും സാര്‍വത്രികവുമായ വിദ്യാഭ്യാസം നടപ്പിലാക്കിയ സദാം ഉന്നത തലം വരെ സൌജന്യ വിദ്യാഭ്യാസവും ഏര്‍പ്പെടുത്തി.അറബ് ലോകത്തെ ഏറ്റവും സാക്ഷരസമൂഹമാക്കി ഇറാഖിനെ മാറ്റിയ സദാം സ്ത്രീകള്‍ക്ക് ഉന്നത ഉദ്യോഗങ്ങളിലും മറ്റും ജോലി നല്‍കുകയും ചെയ്തു. ആധുനികതയെയും ശാസ്ത്രത്തേയും കൂട്ടിയിണക്കി രാജ്യത്തെ പുരോഗതിയിലേയ്ക്ക് നയിച്ച സദാം പരസ്പരം ചോരകുടിച്ചുകൊണ്ടിരുന്ന ഗോത്രങ്ങളെ ഒരുമിപ്പിക്കുകയും ചെയ്തു.
അമേരിക്ക പരിശീലിപ്പിച്ച ന്യായാധിപരും, പിന്നെ അമേരിക്കന്‍ പൌരന്മാര്‍ നികുതിയായി നല്‍കിയ 750 ദശലക്ഷം ഡോളറുമാണ് ഈ വിചാരണ നാടകത്തിനായി ഉപയോഗിച്ചത്.ബുഷ് ഭരണകൂടം ചതിയിലുടെയും ഒടുങ്ങാത്ത നരഹത്യയിലൂടെയും നേടിയെടുത്തെ ഇറാഖ് അധിനിവേശത്തെ ന്യായീകരിക്കാന്‍ വേണ്ടി മാത്രമാണ് ഇങ്ങിനെയൊരു നാടകം.ന്യായം എന്ന വാക്കുച്ചരിച്ച ന്യായാധിപരെ മാറ്റിയും, പ്രതിക്കു വേണ്ടി വാദിച്ച വക്കീലന്മാരെ വധിച്ച്ചും അമേരിക്ക തങ്ങളുടെ നയം വ്യക്തമാക്കിക്കൊണ്ടിരുന്നു.ജപ്പാനില്‍ അണുബോംബിട്ട് ലക്ഷങ്ങളെ വധിച്ച അമേരിക്ക, ലോകമെമ്പാടും നിരപരാധികളെ കൊന്നൊടുക്കുക്കൊണ്ട് സാമ്രാജ്യത്ത അധിനിവേശത്തിന്റെ ശംഖൊലിമുഴക്കുന്ന ഈ കാപാലികര്‍ക്ക് ധാര്‍മ്മികമായി എന്തവകാശമാണുള്ളത്?
ജീവിച്ചിരിക്കുന്ന സദാമിനേക്കാള്‍ ആയിരം മടങ്ങ് ശക്തനായിരിക്കും തൂക്കിലേറ്റപ്പെട്ട സദാം എന്ന് കാലമവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കും.ആയുധ ശക്തികൊണ്ടോ സാമ്പത്തിക ശേഷികൊണ്ടോ ഈ ജനരോഷത്തെ തടയിടാന്‍ ഒരു പൈശാചിക ശക്തിക്കുമാകില്ല.
ഈ വിധി ക്രൂരമാണ്..പൈശാചികമാണ്...നീതിയേയും നിയമത്തേയും കാറ്റില്‍പ്പറത്തുന്നതാണ്....യഥാര്‍ഥത്തില്‍ അറബ് അധിനിവേശത്തിന് കാത്തിരുന്ന അമേരിക്കയുടെ കയ്യില്‍ കിട്ടിയ വടിയായിരുന്നു സദാമിന്റെ കുവൈറ്റ് ആക്രമണം എന്ന സാഹസം.ഒരര്‍ത്ഥത്തില്‍ അമേരിക്കതന്നെയാണ് ആ യുദ്ധത്തിനും കാരണക്കാര്‍. കുവൈറ്റില്‍ ഇടപെട്ട അമേരിക്ക അന്നുമുതല്‍ ഗള്‍ഫ് ലോകത്തിന്റെ തന്നെ നിയന്ത്രണം ഏറ്റേടുക്കുകയായിരുന്നു.അധിനിവേശത്തിനു ശേഷവും ഒരു വിനാശകാരിയായ ആയുധം പോലും ഇറാഖില്‍ നിന്ന് കണ്ടെടുക്കാന്‍ അക്രമികള്‍ക്കായില്ല.. പരിഹാസ്യരായ ബുഷിനേയും കൂട്ടരേയും കാത്തിരിക്കുന്നത് മറ്റൊരു വിയറ്റ്നാം ആണ്.
സ്വന്തം നാടിനും നേതാവിനും വേണ്ടി മരിക്കാന്‍ തയ്യാറുള്ളവര്‍ പ്രതികാരം തുടരുമ്പോള്‍ അവിടേയും പൊലിയുന്നത് ആയിരങ്ങളായിരിക്കും.അതിന് അമേരിക്കനെന്നോ ബ്രിട്ടീഷ് എന്നോ ഉള്ള വത്യാസമുണ്ടാവില്ല...
അവലംബം: ദേശാഭിമാനി ദിനപ്പത്രം

This page is powered by Blogger. Isn't yours?